കാര്‍ 5 ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു. മകളുടെ സ്‌കൂട്ടറിന് പിന്നിലിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം...
വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാർ അഞ്ച് സ്കൂട്ടറുകള്‍ ഇടിച്ചുതകർത്തു. കാറിടിച്ച് മകളുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥൻ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി (72) ആണ് മരിച്ചത്. മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പൻ(59) എന്നിവർക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം-പൂത്തോട്ട റോഡില്‍ നാനാടം മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. സജികയും അമ്മ ചന്ദ്രികയും സ്കൂട്ടറില്‍ വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ നിയന്ത്രണംവിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാർ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന നാല് സ്കൂട്ടറുകളില്‍ ഇടിച്ച ശേഷം ഓടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.
കാർ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പന്റെ വലതുകൈക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഉദയപ്പൻ തെറിച്ച് ഓടയില്‍ വീണു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രികദേവിയുടെ ജീവൻ രക്ഷിക്കാനായില്ല.
വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് അറിയിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രികദേവിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ: സജീഷ് (കാനഡ).