രണ്ട് ബിരുദാനന്തര ബിരുദവും എംഡുകാരന്‍; കുടുംബം പുലര്‍ത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍. ഇന്ന് ജീവിക്കുന്നത് ദിവസവേതനത്തിന് ജോലി ചെയ്ത്. സ്‌കൂള്‍ അധ്യപാകനായ രംഗനാഥന്‍ കേരളത്തില്‍ എത്തിയ കഥ...
വിദ്യാഭ്യാസം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നല്ലൊരു ജോലി ഏതൊരു ആള്‍ക്കും നേടാന്‍ സാധിക്കുകയുള്ളു. പക്ഷേ സാഹചര്യം കൊണ്ട് പഠിക്കാന്‍ സാധിക്കാതെ പോകുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എന്നാല്‍ പഠിച്ചിട്ടും ഒരുപാട് ഡിഗ്രികള്‍ ഉണ്ടായിട്ടും നല്ലൊരു ജോലി ലഭിക്കാത്ത നിരവധിയാളുകള്‍ ഉണ്ട്. എന്നാല്‍ ജോലി ലഭിച്ചിട്ടും ശമ്ബളം കിട്ടാതെയകുമ്ബോള്‍ ആ ജോലി ഉപേക്ഷിച്ച് പോകുന്ന ആളുകളും ഉണ്ട്. അത്തരത്തില്‍ ഒരാളുടെ ജീവിത കഥയാണ് ഇത്. ടീച്ചര്‍ ജോലി ഉണ്ടായിട്ടും അത് ഉപേക്ഷിച്ച് കുടുംബം നോക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിക്ക് എത്തിയ ഒരാളുടെ കഥ.
സ്‌കൂളില്‍ പറഞ്ഞ ഏല്‍പ്പിച്ച ജോലി ചെയ്ത് തീര്‍ക്കാന്‍ വന്നതായിരുന്നു എം. രംഗനാഥന്‍. എന്നാല്‍ ടീച്ചര്‍ ക്ലാസ് എടുക്കുന്നത് കണ്ടപ്പോള്‍ കുറച്ച് നേരം അവിടെ അങ്ങനെ നോക്കി നിന്നു അയാള്‍. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചറോഡായി ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍ എന്ന് രംഗനാഥന്‍ പറഞ്ഞു. ഇത് കേട്ട ടീച്ചര്‍ അദ്ദേഹത്തെ ഒന്ന് നോക്കിയ ശേഷം വീണ്ടും ക്ലാസ് എടുക്കുന്നത് തുടര്‍ന്ന്. പക്ഷേ മരക്കഷ്ണം മുറിക്കാന്‍ വന്ന രംഗനാഥന്‍ ക്ലാസ് മുറിയിലേക്ക് തന്നെ ഏറെ നേരം നോക്കി നിന്നു. രാവിലെ മുതല്‍ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം ഇടയ്ക്കിടെ ക്ലാസ് മുറിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. അധ്യാപകര്‍ക്ക് അത് കൗതുകമായി. എന്തുകൊണ്ട് അങ്ങനെ നിര്‍വികാരനായി നോക്കിക്കൊണ്ടിരിക്കുന്നുവെന്ന് ചോദിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച സത്യം പുറത്തായത്.
തൊഴിലാളി സാധാരണ തൊഴിലാളിയല്ലായിരുന്നു. രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടും, കുടുംബം പുലര്‍ത്തുന്നതിനായി സ്ഥിരം ജോലി കിട്ടാതെ, കൂലിവേല തേടി തമിഴ്‌നാട്ടില്‍ നിന്ന് ഇവിടെ വന്നതാണ്. ജീവിതത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും പഠനത്തോടും അധ്യാപനത്തോടും ഉള്ള സ്നേഹം അദ്ദേഹത്തിന്റെ കണ്ണുകളില്‍ തെളിഞ്ഞുനിന്നു. ഇത് മനസ്സിലാക്കിയ ഉടനെ, സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഷീജ സലീം അദ്ദേഹത്തെ ക്ലാസ് മുറിയിലേക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന അതേ വേഷത്തില്‍ തന്നെ, മരപ്പൊടിയും വിയര്‍പ്പും ചേര്‍ന്ന മുഖത്തോടെ, അദ്ദേഹം കുട്ടികളുടെ മുന്നിലെത്തി. വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളും ജീവിതപാഠങ്ങളും കേട്ടുകൊണ്ട് കുട്ടികള്‍ ആവേശത്തോടെ ഇരുന്നു. അദ്ദേഹത്തിന്റെ ഭാഷ തമിഴ് ആയതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് തന്നെ ഷീജ ടീച്ചര്‍ മലയാളിത്തിലേക്ക് അദ്ദേഹം പറയുന്നത് പറഞ്ഞ് കൊടുത്തു. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് വേദിയായത്.
തമിഴ്‌നാട് തേനി സ്വദേശിയാണ് എം. രംഗനാഥന്‍. ബിരുദാനന്തര ബിരുദധാരി കൂടിയാണ്. ഇവിടെ എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കല്ലു പണിയും മരപ്പണിയും കൃഷിപ്പണിയുമെല്ലാം ചെയ്യും. തമിഴ്‌നാട് തേനി ജില്ലയില്‍ ഉത്തമ പാളയം താലൂക്കില്‍ കോംബേ നിവാസിയാണ്. കോംബെ ആര്‍.സി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍, പ്ലസ് ടു എസ് കെ പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, തുടര്‍ന്ന് കോംബെ,മധുരൈ അമേരിക്കന്‍ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസം, മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കറസ്‌പോണ്ടന്‍സ് ആയി തമിഴില്‍ ബിരുദാനന്തര ബിരുദം. പിന്നെ മാര്‍ത്താണ്ഡം സെന്റ് ജോസഫ് ടീച്ചര്‍ എജുക്കേഷന്‍ കോളേജില്‍ നിന്നും ബി എഡ് ബിരുദം നേടി. തൃച്ചി ജീവന്‍ കോളേജ് ഓഫ് എജുക്കേഷനില്‍ നിന്നും എം എഡ്. ഒരു ബിഎഡ് കോളജ് അധ്യാപകനാകാനുള്ള യോഗ്യതയുണ്ട് രംഗനാഥന്.
കോംബെയിലെ എസ് കെ പി സ്‌കൂളില്‍ ഒരു വര്‍ഷം താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. അന്ന് കുട്ടികളോട് ഇഷ്ടം കൊണ്ടും പഠിപ്പിക്കുന്നതിലെ ആവേശം കൊണ്ടും തന്റെ ജോലിയെ മനസോടെ ചെയ്തു. 2014-ല്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, 2015-ല്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യനായ ആര്‍. സെല്‍വിയെ വിവാഹം ചെയ്തു. വിവാഹജീവിതം സന്തോഷത്തോടെ മുന്നേറുന്നതിനിടെ, ഇവര്‍ക്ക് ഇപ്പോള്‍ അഞ്ച് വയസുകാരനായ ഒരു മകനുണ്ട്. ജീവിത ചെലവുകള്‍ വര്‍ധിച്ചപ്പോള്‍, വരുമാനം മാത്രം കൊണ്ട് കുടുംബച്ചെലവുകള്‍ നിറവേറ്റുന്നത് ബുദ്ധിമുട്ടായി. അതാണ് അദ്ദേഹത്തെ തമിഴ്നാട്ടില്‍ നിന്ന് ഇവിടെ ജോലിക്കായി വരാന്‍ പ്രേരിപ്പിച്ചത്. ദിവസക്കൂലി താരതമ്യം ചെയ്തപ്പോള്‍ തമിഴ്നാട്ടിലേക്കാള്‍ ഇവിടെ ഒരു ദിവസം ജോലി ചെയ്താല്‍ 300 രൂപ അധികം ലഭിക്കുന്നുവെന്നു മനസ്സിലായി. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും മകന്റെ ഭാവി ഉറപ്പാക്കാനും വേണ്ടി അദ്ദേഹം കൂലിവേല സ്വീകരിച്ചു.
ജോലിക്കുപുറമേ, അദ്ദേഹം ഒരു കലാകാരനുമാണ്. തമിഴ്നാട്ടിലെ പ്രശസ്ത സിനിമാതാരങ്ങളുടെ ശബ്ദം അതേ പോലെ അനുകരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ, ഗാനങ്ങള്‍ പാടും, ഡാന്‍സ് അവതരിപ്പിക്കും കാണുന്നവര്‍ക്ക് ആവേശം പകരുന്ന രീതിയില്‍. അതുമാത്രമല്ല, പരമ്ബരാഗത ആയോധനകലകളില്‍ ഒന്നായ സിലമ്ബം അദ്ദേഹത്തിന് ഏറെ വശമാണ്. സ്റ്റേജ് കിട്ടിയാല്‍ തന്റെ കഴിവുകള്‍ അവതരിപ്പിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് ഏറെ സന്തോഷം. കോംബെ സ്വദേശി മുരുകേശ്വരന്റെയും സരസ്വതി അമ്മയുടെയും മകനായി 1989 ലാണ് രംഗനാഥന്‍ ജനിച്ചത്. സുന്ദരി എന്ന ഒരു പെങ്ങളുമുണ്ട്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അമ്മ മരണമടഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ് പിതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. തുടര്‍ന്ന് പിതാവിന് തന്നോട് താല്പര്യം കുറഞ്ഞതിനാല്‍ അമ്മാവന്‍ താപസിമാരി മുത്തു കൂടെയായിരുന്നു താമസം. ബി.എഡ് പഠിക്കുന്നത് വരെയും ആവശ്യമായ പണം നല്‍കി സഹായിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് ആറുമാസത്തോളം പെരുമ്ബാവൂര്‍ കറിപൗഡര്‍ നിര്‍മ്മാണ കമ്ബനിയില്‍ ജോലി ചെയ്താണ് എം. എഡ് പഠിച്ചത്.
വിദ്യാഭ്യാസം എല്ലാം ഉണ്ട് എങ്കിലും സ്‌കൂളില്‍ കയറുന്നതിന് വന്‍ തുക സംഭാവന കൊടുക്കണം എന്നുള്ളതിനാല്‍ ആ സ്വപ്‌നവും മുടങ്ങി. തമിഴ് അധ്യാപകനായതിനാല്‍ അവസരവും കുറവ്. വൈറ്റ് കോളര്‍ ജോലി നോക്കി നില്‍ക്കാതെ അഭിമാനത്തോടെ കൂലിപണിക്കിറങ്ങുകയായിരുന്നു ഈ യുവാവ്...