പ്രസംഗത്തിനിടെ സമരപ്പന്തല്‍ പൊളിയ്‌ക്കാനുള്ള പൊലീസ് നീക്കം നിര്‍വീര്യമാക്കി തിരുവഞ്ചൂര്‍...
കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ തിരുവഞ്ചൂർ പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരാളെത്തി ഏണി വെച്ചു കയറി പന്തലിന്റെ ഷീറ്റ് വലിച്ചൂരി. ഇത് കണ്ട് എം.എല്‍.എ എന്താണ് കാര്യമെന്ന് അന്വേഷിച്ചു. പന്തല്‍പൊളിക്കാൻ പൊലീസ് പറഞ്ഞതനുസരിച്ച് എത്തിയതാണെന്ന് വന്നയാള്‍ പറഞ്ഞു. എം.എല്‍.എ പ്രവർത്തകരോട് തടയാൻ നിർദേശിച്ചു. പിന്നാലെ പൊലീസിനെ വിളിപ്പിച്ചു. വഴി തടസപ്പെടുത്തിയുള്ള സമരപ്പന്തല്‍ അനുവദിക്കരുതെന്ന കോടതി ഉത്തരവനുസരിച്ചാണ് പന്തല്‍ പൊളിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ മറ്റു സമരങ്ങള്‍ പന്തല്‍കെട്ടി നടന്നിരുന്നെന്നും പറഞ്ഞ് എം.എല്‍.എയും സമരക്കാർക്കൊപ്പം പന്തലിലിരുന്നതോടെ പൊലീസ് പിൻവാങ്ങി.
ആശമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കേരളം മുഴുവൻ ആശമാരോടൊപ്പമാണെന്നും എം.എല്‍.എ പറഞ്ഞു. ആം ആദ്മി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കണ്‍വീനർ ഫില്‍സണ്‍ മാത്യു, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ ലാലി, കെ.കെ സുരേഷ്, ബാബു കുട്ടൻചിറ, സണ്ണി മാത്യു, എൻ.കെ. ബിജു, മിനി കെ.ഫിലിപ്പ്, ഇ.വി പ്രകാശ്, പ്രൊഫ. ഗോപാലകൃഷ്ണ പണിക്കർ, പി.ഷൈനി, ആശ രാജ്, ദീപ മനോജ്, മിനിമോള്‍, ആർ. മീനാക്ഷി, അരവിന്ദ് വേണുഗോപാല്‍ എന്നിവർ പങ്കെടുത്തു...