ഇനി 5 ദിവസം മാത്രം. വധശിക്ഷ കാത്ത് നിമിഷപ്രിയ...


പരിശ്രമങ്ങളും പ്രാർഥനകളും വിഫലമാകുന്നു; വധശിക്ഷ കാത്ത് നിമിഷപ്രിയ. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നതാണ് ഏറ്റവും ഒടുവില്‍ അവ‌ശേഷിക്കുന്ന പ്രതീക്ഷയുടെ കച്ചിത്തുരുമ്ബ്. 

വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലാണ് ഹർജി നല്‍കിയിരിക്കുന്നത്.

യെമൻ സ്വദേശിയെ കൊന്ന കേസില്‍ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് യെമൻ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് നിമിഷപ്രിയ.

പാലക്കാട് തേക്കിൻചിറ സ്വദേശിയായ നിമിഷ പ്രിയയും ഭർത്താവ് ടോമിയും കുഞ്ഞും ഒരുമിച്ച്‌ 2012ലാണ് ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി യെമനിലെത്തിയത്. അവിടെ നഴ്സായിരുന്നു നിമിഷപ്രിയ. ടോമി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി നേടി. അക്കാലത്ത് യെമനീസ് പൗരൻ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെട്ടതോടെയാണ് ഇവരുടെ തലവര മാറിയത്. യെമനില്‍ ഒരു ക്ലിനിക് തുടങ്ങാൻ നിമിഷപ്രിയയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ‍യെമനീസ് പൗരന്‍റെ സഹായമില്ലാതെ ഇതു സാധ്യമായിരുന്നില്ല. അതിനാല്‍ തലാലിനെ കച്ചവട പങ്കാളിയാക്കി.

ക്ലിനിക്കിനായി തങ്ങളുടെ സമ്ബാദ്യമെല്ലാം നിമിഷപ്രിയയും ടോമിയും ചെലവഴിച്ചു. കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ടോമിയും നാട്ടിലേക്കു തിരിച്ചെത്തി. സ്വരുക്കൂട്ടിയ പണവുമായി നിമിഷപ്രിയയാണ് ആദ്യം യെമനിലേക്ക് യാത്ര തിരിച്ചത്. സൗദി - യെമൻ യുദ്ധം ആരംഭിച്ചതോടെ ടോമിയുടെ യാത്ര മുടങ്ങി.

ആദ്യമെല്ലാം കച്ചവട പങ്കാളിയെന്ന പേരില്‍ നിമിഷപ്രിയയോട് മര്യാദയോടെ സംസാരിച്ചിരുന്ന തലാല്‍ പിന്നീട് നിമിഷപ്രിയ തന്‍റെ ഭാര്യയാണെന്ന് പറഞ്ഞു പരത്തി. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനു ശേഷം നിർബന്ധിച്ച്‌ മതാചാര പ്രകാരം വിവാഹം നടത്തി. അതോടെ ക്ലിനിക്കിന്‍റെ മുഴുവൻ ഉടമസ്ഥതയും തലാലിന്‍റെ പേരിലായി.

നിമിഷപ്രിയയുടെ പാസ്പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളെല്ലാം തലാല്‍ കൈവശപ്പെടുത്തിയിരുന്നു. സ്വർണവും തട്ടിയെടുത്തതോടെ നിമിഷപ്രിയ അധികൃതർക്ക് പരാതി നല്‍കി. ഇതിനു ശേഷം തലാല്‍ ശാരീരിക പീഡനവും ആരംഭിച്ചു.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായും നിമിഷപ്രിയ ആരോപിക്കുന്നുണ്ട്. പീഡനം സഹിക്കാനാകാതെ വന്നതോടെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ഹനാൻ എന്ന പെണ്‍കുട്ടിയുടെ സഹായത്തോടെ തലാലിനെ മരുന്നു കുത്തിവച്ച്‌ കൊല്ലുകയായിരുന്നു.

കഷ്ണങ്ങളാക്കി മാറ്റിയ മൃതദേഹം അടുത്തുള്ള വാട്ടർ ടാങ്കില്‍ ഉപേക്ഷിച്ചു. മൃതദേഹം ജീർണിച്ച്‌ ദുർഗന്ധം പരന്നതോടെ നാട്ടുകാർ പരാതിപ്പെട്ടു.

അതോടെയാണ് കുറ്റകൃത്യം പുറന്നു വന്നത്. കേസില്‍ ഹനാന് ജീവപര്യന്തം ശിക്ഷയും നിമിഷപ്രിയയ്ക്ക് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയെങ്കിലും സർക്കാർ തള്ളി. നിമിഷപ്രിയയുടെ അമ്മ 2024ല്‍ യെമനിലെത്തി മകളെ കണ്ടിരുന്നു. അവരിപ്പോഴും യെമനില്‍ തുടരുകയാണ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...