കാമുകിമാര്‍ ഒന്നും രണ്ടുമല്ല, അവൻ അവളെ ബാത്റൂമിലാ പൂട്ടിയിട്ടേ' ഇപ്പഴാ അറിയുന്നേ. നെഞ്ചു പൊടിയുവാ മോനേ. കൊടുത്തത് 115 പവനും 35 ലക്ഷം രൂപയുടെ കാറും സ്വത്തും. വിപഞ്ചികയുടെ ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അമ്മ...
'ബാത്റൂമിലിരുന്നാണ് ഒന്നു തുറന്നുവിടാന്‍ എന്റെ മോള്‍ അവനോട് യാചിക്കുന്നത്, ആ വിഡിയോ ഇപ്പഴാണ് കാണുന്നത്, അവനേം കുഞ്ഞിനേം സ്നേഹിച്ച തെറ്റുമാത്രമാണ് എന്റെ മോള്‍ ചെയ്തത്, അതല്ലേ അവളിന്നു ഈ ലോകത്തില്ലാത്തതിനു കാരണം, നിതീഷും പെങ്ങളും അമ്മായിയച്ഛനും കൂടി ചെയ്ത ക്രൂരത ഇപ്പഴാണ് അറിയുന്നത്, അമ്മയ്ക്ക് സങ്കടമാകുമല്ലോയെന്നോര്‍ത്ത് എന്നോട് ഒന്നും പറയില്ല, വിപഞ്ചികയേയും കുഞ്ഞിനേയും കൊണ്ടുപുറത്തു പോകാന്‍ പെങ്ങള്‍ സമ്മതിക്കില്ല, കുഞ്ഞിനു രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോവില്ല, ഒന്ന് വാഷ്റൂമില്‍ പോകാനായിപ്പോലും കുഞ്ഞിനെ നോക്കില്ല, കുഞ്ഞിനെ നോക്കാന്‍ പറഞ്ഞാല്‍ 'ഇവിടെ കൊണ്ടിട്' എന്നാണ് നിതീഷ് പറയുക. ഇനി ഒരു പെണ്‍കൊച്ചിനും ഈ ഗതിയുണ്ടാവരുത്, എന്റെ മോളെ കണ്ടു കൊതി തീര്‍ന്നില്ല, അവളിനി തിരിച്ചുവരില്ലെന്ന സത്യവുമായി പൊരുത്തപ്പെടാനെനിക്കാവില്ലെന്നും അമ്മ ശൈലജ പറയുന്നു.
'അവളൊരു പഞ്ചപാവമായിരുന്നു, അമ്മയ്ക്ക് സുഖമില്ലെന്നും ഒന്നു നാട്ടില്‍പ്പോയി കണ്ടിട്ടു വരട്ടേയെന്നും അവനോട് പറഞ്ഞപ്പോള്‍ അവളുടെ പാസ്പോര്‍ട്ടും ഐഡിയുമെല്ലാം അവനെടുത്തു മാറ്റിവച്ചു. നാലു ദിവസത്തേക്ക് നാട്ടില്‍ വരാന്‍ പോലും അവന്‍ അനുവദിച്ചില്ല, ഞങ്ങള്‍ കുപ്പത്തൊട്ടികളാണ്, അവരെങ്ങോ ജനിച്ചവരാണ് എന്നതൊക്കെയാണ് പറയുന്നത്, വലിയ ഹോട്ടലില്‍ കല്യാണം നടത്തിയില്ലെന്നതൊക്കെയാണ് നിതീഷിന്റെ ആരോപണം. ഒന്നും രണ്ടുമല്ല, മൂന്നും നാലും പെണ്ണുങ്ങളുമായാണ് നിതീഷിനു ബന്ധം, മകള്‍ക്ക് മാന്യമായ ജോലിയുണ്ട്,115 പവനും 35 ലക്ഷം രൂപയുടെ കാറും സ്വത്തും കൊടുത്താണ് കല്യാണം കഴിപ്പിച്ചത്, അതൊന്നും മതിയാരുന്നില്ല അവന്. ഇവനെത്തന്നെ കെട്ടണം എന്നൊന്നും ഞങ്ങളാരും പറഞ്ഞിട്ടില്ല, മരണം വരെ പൊരുതി മകള്‍ക്ക് നീതി നേടിക്കൊടുക്കുമെന്നും അമ്മ പറയുന്നു.
ഷാർജയില്‍ മകളെ കോലപ്പെടുത്തി യുവതി ജീവനൊടുക്കിയതില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുത്ത് പോലീസ്. നിതീഷിൻ്റെ കോട്ടയം കൊല്ലാട് നാല്‍ക്കവലയിലെ വീട് പൂട്ടിയിട്ട നിലയിലാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുണ്ടറ പൊലിസാണ് വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് പോലീസ് നടപടി.കേസില്‍ നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും, അച്ഛൻ മൂന്നാം പ്രതിയുമാണ്. ക്രൂരമായ പീഡനമാണ് വിപഞ്ചികയേല്‍ക്കേണ്ടി വന്നതെന്നും പരമാവധി ശിക്ഷ ഇവർക്ക് ലഭിക്കണമെന്നും അമ്മ ഷൈലജ പറഞ്ഞു...