പുത്തനുടുപ്പും ബാഗുമായി കോട്ടയം ജില്ലയിലെ എല്‍പി സ്കൂളില്‍ പഠനമാരംഭിച്ച് അഫ്ഗാനിസ്താനില്‍ നിന്നുള്ള കുരുന്നും...
കോട്ടയത്തെ സ്കൂളില്‍ പഠനം തുടങ്ങി അഫ്ഗാനിസ്താനില്‍ നിന്നുള്ള ആറു വയസ്സുകാരി. ആറുവയസ്സുകാരി ബഹ്സ കരീമി ആണ് കോട്ടയം ആർപ്പൂക്കര മുടിയൂർക്കര ഗവ. എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. അച്ഛൻ മുഹമ്മദ് ഫഹിം കരീമിയുടെയും അമ്മ എല്ലാഹ സാഹീറിൻ്റെയും കൈപിടിച്ച് സ്കൂളിലെത്തിയ കുരുന്നിനെ ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കി വരവേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ മുടിയൂർക്കര എല്‍പി സ്കൂളില്‍ പഠനത്തിന് എത്തിയിട്ടുണ്ടെങ്കിലും വിദേശ വിദ്യാർഥി പഠനത്തിന് എത്തുന്നത് ഇത് ആദ്യമാണ്. എംജി സർവകലാശാലയില്‍ മാനേജ്മെൻ്റ് സ്റ്റഡീസില്‍ ഗവേഷണം നടത്തുന്ന കാബുള്‍ സ്വദേശി മുഹമ്മദ് ഫഹിം കരീമിയുടെ മൂത്തമകളാണ് ബഹ്സ കരീമി. നാല് വർഷം മുൻപാണ് ഫഹിം കരീമി കോട്ടയത്ത് എത്തിയത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം നിലവില്‍ പിച്ച്‌ഡി ചെയ്തുവരികയാണ് ഇദ്ദേഹം. രണ്ട് വർഷം കൂടി കോട്ടയത്ത് ഉണ്ടാകുന്നതിനാല്‍ മകളെ സർക്കാർ സ്കൂളില്‍ തന്നെ ചേർക്കാൻ ഫഹിം കരീമി തീരുമാനിക്കുകയായിരുന്നു. സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളില്‍ പ്രീസ്കൂള്‍ പഠനം പൂർത്തിയാക്കിയ ശേഷമാണ് ബഹ്സ കരീമി ഒന്നാം ക്ലാസ് പഠനമാരംഭിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ നിരവധി വിദ്യാർഥിള്‍ മുൻപ് സ്കൂളില്‍ പഠിച്ചിരുന്നുവെന്നും എന്നാല്‍ വിദേശ വിദ്യാർഥി പഠനത്തിന് എത്തുന്നത് ആദ്യമാണെന്നും ഹെഡ്മിസ്ട്രസ് സിന്ധു കെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബഹ്സ കരീമി നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കും. അധ്യാപകർ ഇംഗ്ലീഷിലാണ് അവളോട് സംസാരിക്കുന്നതെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒന്നാം ക്ലാസില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ ഏഴ് വിദ്യാർഥികള്‍പ്രവേശനം നേടിയിരുന്നുവെന്ന് അധ്യാപികയായ ശാലിനി കെ ലക്ഷ്മണൻ പറഞ്ഞു. സ്കൂളിന് സമീപം താമസിക്കുന്നതിനാലാണ് ബഹ്സയെ ഇവിടെ തന്നെ ചേർക്കാൻ മാതാപിതാക്കള്‍ തീരുമാനിച്ചതെന്നും അധ്യാപിക കൂട്ടിച്ചേർത്തു.
ഇംഗ്ലീഷിന് പുറമേ, അഫ്ഗാനിയും ഉറുദുവും ബഹ്സ കരീമി അനായാസം പറയും. സർക്കാർ സ്കൂളില്‍ പഠനമാരംഭിച്ചതോടെ മലയാളവും ഇനി ബഹ്സ പഠിക്കും. ബഹർ കരീമി ഇളയ സഹോദരനാണ്. 1911ല്‍ സ്ഥാപിതമായ മുടിയൂർക്കര എല്‍പി സ്കൂളില്‍ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ നാല് അധ്യാപകരാണുള്ളത്. ഇതിന് പുറമേ, നഴ്സറി ക്ലാസുകളില്‍ രണ്ട് അധ്യാപകരുമുണ്ട്.