ജിസ്മോളും മക്കളും മരിച്ച സംഭവം; പ്രതി പട്ടികയില്‍ നിന്ന് ഭര്‍തൃമാതാവിനെയും സഹോദരിയെയും ഒഴിവാക്കിയെന്ന് കുടുംബം...
കോട്ടയം മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്‌മോളും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതി പട്ടികയില്‍ നിന്ന് ഭർതൃ മാതാവിനെയും ഭർതൃ സഹോദരിയെയും ഒഴിവാക്കിയെന്ന് കുടുംബം. ഇരുവർക്കുമെതിരെ കുടുംബം മൊഴി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോറൻസിക് പരിശോധനയ്ക്കായി ജിസ്മോളുടെയും ഭർത്താവ് ജിമ്മിയുടെയും ഭർതൃ പിതാവ് ജോസഫിന്റെയും ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയതെന്നും അവർ പറയുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭർതൃ മാതാവ് ജിസ്മോളെ അപമാനിച്ചിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിറ്റുവുമാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയത്.
മീനച്ചിലാറ്റില്‍ ചാടിയാണ് ജിസ്‌മോളും പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു. ഭർത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്‌മോളുടെ മൃതദേഹം കാണ്ടത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്. ഉടൻ തന്നെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതലേ പിതാവ് തോമസ് ആരോപിച്ചിരുന്നു. ഭർത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസും ആരോപിച്ചിരുന്നു. ജിസ്മോള്‍ ഗാർഹിക പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു...