കാറില്‍ കടത്താൻ ശ്രമിച്ചത് 11.9 ഗ്രാം എം.ഡി.എം.എ. വാഹന പരിശോധനക്കിടെ കടന്നുകളയാൻ ശ്രമിച്ച യുവാവ് കോട്ടയത്തു പിടിയില്‍...
കാറില്‍ ലഹരി കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി അർജുനാണ് (29) കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പരിശോധനയില്‍ 11.9 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. തിരുവാതിക്കല്‍ പാറച്ചാല്‍ റോഡിലെ പാറച്ചാല്‍ പാലത്തിന് സമീപത്ത് വഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. ഇന്നലെ രാവിലെ 11.30ഓടെ സംശയകരമായി റോഡരികില്‍ നിർത്തിയിട്ട വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു.
പൊലീസ് പരിശോധനക്കിടെ അർജുൻ കാറില്‍ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ദേഹപരിശോധനയിലാണ് ജീൻസിന്റെ പോക്കറ്റില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയുടെ കാറും മൊബൈല്‍ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്ന് മൊത്ത വിലയ്ക്ക് രാസലഹരി വാങ്ങി നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്ന ജില്ലയിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വില്‍പനക്കായി കാറില്‍ കൊണ്ടുവന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്...