കോട്ടയം കുറവിലങ്ങാടിന് സമീപം കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച കാർ എംസി റോഡ് കട്ടിങ്ങില്‍ ചാടി ഇടതു വശത്തെ രണ്ട് ടയറും പഞ്ചറായി. പഞ്ചറായ ടയറുകളുമായി 100 മീറ്റര്‍ ഓടി, CCTV ദൃശ്യംതേടി മന്ത്രി...
കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച കാർ എംസി റോഡ് ഓരത്തെ കട്ടിങ്ങില്‍ ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി. പഞ്ചറായ ടയറുമായി നൂറുമീറ്ററോളം ഓടി. വീണ്ടും റോഡിലേക്ക് തിരിഞ്ഞുകയറിയ കാർ ഡിവൈഡറിലേക്ക് എത്തുംമുൻപ് ഡ്രൈവർക്ക് നിർത്താനായി.
എംസി റോഡില്‍ എറണാകുളം-കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയില്‍ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊട്ടാരക്കരയില്‍ ക്ഷേത്ര കൊടിമരസമർപ്പണത്തില്‍ പങ്കെടുത്തശേഷം മന്ത്രി തൃശ്ശൂർ കളക്ടറേറ്റിലെ ചടങ്ങില്‍ പങ്കെടുക്കാൻ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കേരളസർക്കാരിന്റെ വാഹനത്തില്‍ പോകുകയായിരുന്നു.
പുതുവേലി സെയ്ന്റ് മേരീസ് പള്ളിക്ക് സമീപത്താണ് കാർ നിയന്ത്രണംവിട്ടത്. വിവരമറിഞ്ഞ് നാട്ടുകാർ കൂടി. 20 മിനിറ്റോളം മന്ത്രി നാട്ടുകാരുമായി സംസാരിച്ചുനിന്നു. കൂത്താട്ടുകുളം പോലീസ് കാറെത്തിച്ച് കൂത്താട്ടുകുളം റെസ്റ്റ് ഹൗസിലേക്ക് മാറ്റി. ആലുവയില്‍നിന്ന് വിനോദസഞ്ചാര വകുപ്പിന്റെ വാഹനമെത്തിച്ച് 7.30-ഓടെ തൃശ്ശൂരിലേക്ക് യാത്ര തുടർന്നു...