പത്തനംതിട്ടയിലെ പള്ളീലച്ചൻ പട്ടാളത്തില്‍ ചേര്‍ന്നു. ഫാ.ജിം എം.ജോര്‍ജ് വേറെ ലെവലാണ്.
പള്ളീലച്ചന് പട്ടാളത്തിലെന്ത് കാര്യം ? ഒന്നുമില്ല എന്ന് പറയാൻ വരട്ടെ. കാര്യമുണ്ട്. പത്തനംതിട്ട സ്വദേശിയായ ഒരു പള്ളീലച്ചൻ പട്ടാളത്തില്‍ ചേർന്നിരിക്കുകയാണ്. ചെന്നീർക്കര മാത്തൂർ മലയില്‍പറമ്ബില്‍ ഫാ.ജിം എം. ജോർജ് ആണ് പട്ടാളത്തില്‍ ചേർന്നിരിക്കുന്നത്. ഒന്നര വർഷം നീണ്ട കഠിന പരിശീലനം പൂർത്തിയാക്കിയ ഊ വൈദികൻ അസം റജിമെന്റിലെ പാസിങ് ഔട്ടും കഴിഞ്ഞ് ഔദ്യോഗിക ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്.
പള്ളിലച്ചൻ പട്ടാളത്തില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന ചോദ്യം മനസിലുയരുന്നില്ലേ ? അത് അപ്രതീക്ഷിതമാണ്. ആ കഥ ഇങ്ങനെ...
ഓർത്തഡോക്സ് സഭ തുമ്ബമണ്‍ ഭദ്രാസനത്തിലെ വൈദികനായിരിക്കെയാണ് ഫാ.ജിം എം.ജോർജ്ജിന് രാജ്യസേവനത്തിനുള്ള നിയോഗം ലഭിക്കുന്നത്. കരസേനയില്‍ റിലീജിയസ് ടീച്ചർ (മതാധ്യാപക) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ പരസ്യം ശ്രദ്ധയില്‍പെട്ടതോടെയാണ് ഈ വൈദികന്റെ ജീവിതം വഴിമാറി തുടങ്ങിയത്. എന്നാല്‍ സൈന്യത്തില്‍ ഒരുകൈ നോക്കിയാലോ എന്നായി ചിന്ത. വൈദികനായിരിക്കെ സൈനിക സേവനം തിരഞ്ഞെടുത്ത സീറോ മലബാർ സഭയിലെ ആദ്യ പുരോഹിതൻ ഫാ.ജിസ് ജോസ് കിഴക്കേതിലിന്റെ അനുഭവങ്ങളും പ്രേരണയായി.
കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയെ കണ്ടു പട്ടാളത്തില്‍ ചേരുന്നതിനുള്ള താല്‍പര്യം അറിയിച്ചു. മാതൃരാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ വലിയ മെത്രാപ്പൊലീത്ത സമ്മതം മൂളി. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിമില്‍ നിന്നു സഭയുടെ അനുമതി കത്ത് വാങ്ങിയാണ് അഭിമുഖത്തിനായി എത്തിയത്.തുടർന്ന് അസം റജിമെന്റില്‍ ഒന്നര വർഷം നീണ്ട കഠിനമായ ശാരീരിക ക്ഷമത പരിശീലനം. അതുകഴിഞ്ഞ് പൊതുവായ ആത്മീയ പരിശീലനവും ഓറിയന്റേഷനും പൂർത്തിയാക്കി.
ചെന്നീർക്കര മാത്തൂർ മലയില്‍പറമ്ബില്‍ എം.വി.ജോർജ് ഓമന ജോർജ് ദമ്ബതികളുടെ മൂന്നു മക്കളില്‍ മൂന്നാമനാണ് ഫാ.ജിം. പഠന ശേഷം 2021 ജൂലൈ 10ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു. കൊടുമണ്‍ സെന്റ് ബഹനാൻസ് പളളി, കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളില്‍ വികാരിയായി. അഖില മലങ്കര ഓർത്തഡോക്സ് ബാലസമാജം ജനറല്‍ സെക്രട്ടറിയായിരുന്നു. നരിയാപുരം ഐവേലില്‍ തെക്കേതില്‍ ബിൻസി വില്‍സനാണു ഭാര്യ. മക്കള്‍:സൈറസ്, ക്രിസ്.
ഏതാനും ദിവസത്തിനുള്ളില്‍ കരസേനയില്‍ നായിക് സുബേദാർ റാങ്കില്‍ റിലീജിയസ് ടീച്ചർ തസ്തികയില്‍ ഫാ.ജിം എം.ജോർജ് ചുമതലയേല്‍ക്കും. പട്ടാളക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനു ആത്മീയമായ ഉണർവും കൗണ്‍സിലിങ്ങും നടത്തുക, സൈനികരുടെ ഇടയില്‍ മതനിരപേക്ഷതയും സഹവർത്തിത്വവും ഉറപ്പാക്കുക, പ്രത്യേക ദൗത്യങ്ങള്‍ക്ക് പോകുന്ന ജവാന്മാർക്ക് മനോധൈര്യം പകരുക തുടങ്ങിയവയാണു ചുമതലകള്‍...