എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ഏറ്റെടുക്കുക 2,570 ഏക്കര്‍ ഭൂമി. പദ്ധതിച്ചെലവായി കണക്കാക്കിയിരിക്കുന്നത് 3450 കോടി രൂപ. നപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍...
2013 ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി, പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട്, എസ്‌ഐഎ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശകള്‍, കലക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന പ്രദേശവാസികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള മുന്‍ വിജ്ഞാപനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിത്.
ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നത്.
അതേ സമയം ശബരിമല വിമാനത്താവള പദ്ധതിയുടെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍) ഉടന്‍ സമര്‍പ്പിക്കും.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷനുവേണ്ടി സ്റ്റുപ്പ് എന്ന ഏജന്‍സിയാണ് ഡി.പി.ആര്‍. തയാറാക്കുന്നത്.
2024 ഫെബ്രുവരിയിലാണ് സ്റ്റുപ്പിനെ ചുമതല ഏല്‍പ്പിച്ചത്. നാലുകോടി രൂപയായിരുന്നു ചെലവ്.
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം പൂര്‍ത്തിയായിരുന്നു. ഇനി ഡിപിആര്‍, കെഎസ്‌ഐഡിസിക്ക് കൈമാറും.
അവര്‍ ഇത് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കണം.
തുടര്‍ന്ന് ഈ ഡി.പി.ആര്‍ അംഗീകരിക്കുന്നതോടെ പദ്ധതി നടത്തിപ്പിലേക്ക് കടക്കും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.
പദ്ധതിച്ചെലവിന് 3450 കോടി രൂപ വേണം എന്നാണ് ഏജന്‍സി കണക്കാക്കിയിരിക്കുന്നത്.അതില്‍ പ്രധാനം 3.50 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മാണമാണ്.
റണ്‍വേയ്ക്ക് 45 മീറ്റര്‍ വീതിയും റണ്‍വേ സ്ട്രിപ്പിന് 280 മീറ്റര്‍ വീതിയും ആണ് കണക്കാക്കിയിരിക്കുന്നത്.
റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയ ഇരുവശത്തും-240-290 മീറ്റര്‍ വീതവുമാണ് രൂപരേഖയില്‍.
2017 ജൂലായില്‍ ആണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തി അനുമതി നല്‍കിയത്.
തുടര്‍ന്ന് കെ.എസ്.ഐ.ഡി.സിയെ നോഡല്‍ ഏജന്‍സിയായി നിയമിച്ചു. ഇതിന് ശേഷം സാമ്ബത്തിക, സാങ്കേതിക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ലൂയി ബഗര്‍ എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തി.
ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ 2023 ഏപ്രില്‍ 13-ന് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറന്‍സ് അനുവദിച്ചു.
തുടര്‍ന്ന് 2023 ജൂണ്‍ 30-ന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
2024 മേയ് 20-ന് ആണ് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയായത്.
2023 ജൂലായ് എട്ടിന് പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചു.
തുടര്‍ന്ന് കരട് പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. ഇതോടെ 2024 ഡിസംബറില്‍ സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്ന് വിദഗ്ധസമിതിയുടെ പരിശോധനയും ശിപാര്‍ശയും വന്നതിനെ തുടര്‍ന്ന് ആണ് ഇപ്പോള്‍ എസ്റ്റേറ്റ് ഉള്‍പ്പടെ ഏറ്റെടുക്കാനുള്ള നടപടികള്‍ ആയിരിക്കുന്നത്.
അതേസമയം എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് മാനേജ്മെന്റും തമ്മിലുള്ള പാലാ സബ് കോടതിയിലെ കേസില്‍ ജൂണില്‍ എസ്റ്റേറ്റ് പ്രതിനിധികളില്‍ നിന്നുള്ള വിസ്താരം ആരംഭിക്കും...