ഷാര്‍ജയിലെ അതുല്യയുടെ മരണം. ഭര്‍ത്താവ് സതീഷ് പിടിയില്‍, വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തത് എമിഗ്രേഷൻ വിഭാഗം...
ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.
കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു.
എന്നാല്‍, ഷാർജയില്‍ നടത്തിയ ഫൊറൻസിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്മോർട്ടത്തിന്‍റെ ഫലം വരാനുണ്ട്. സതീഷിനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്‌ഔട്ട് നോട്ടീസിറക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്...