ഡോ. വന്ദനാ ദാസിന്റെ പേരില്‍ ജന്മനാട്ടില്‍ ആശുപത്രി തുറന്നു. മകളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെന്ന് മാതാപിതാക്കള്‍...
കൊട്ടാരക്കര താലൂക്ക് സർക്കാർ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു. കടുത്തുരുത്തി മധുരവേലിയിലാണ് മാതാപിതാക്കള്‍ ആശുപത്രി തുറന്നത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സാധാരണക്കാർക്കായി ഒരു ആശുപത്രി തുടങ്ങണമെന്നത്, ഡോക്ടറാകാൻ പഠിച്ച് തുങ്ങിയപ്പോള്‍ മുതല്‍ വന്ദനയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഇന്ന് മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും യാഥാർത്ഥ്യമാക്കിയത്. കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ നാട്ടുകാർക്ക് ലഭ്യമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആറ് ബെഡുകള്‍ ഉള്ള ആശുപത്രിയാണ് തുടങ്ങിയിരിക്കുന്നത്. ലാബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ 24 മണിക്കൂർ ഡോക്ടർ സേവനമടക്കം ലക്ഷ്യമിടുന്നുണ്ട്. നേരത്തെ തൃക്കുന്നത്ത് പുഴയില്‍ വന്ദനയുടെ പേരില്‍ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. കൂടാതെ വന്ദനയുടെ പേരില്‍ ഒരു ട്രസ്റ്റും രൂപീകരിച്ച് നിരവധി സഹായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ നാട്ടുകാരുടെ വലിയ പങ്കാളിത്തവും ഉണ്ടായിരുന്നു...