ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. സ്വതവേ ശാന്തപ്രകൃതൻ, ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം...
ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയാലായിരുന്നു. ഗജരാജൻ, ഗജോത്തമൻ, ഗജരത്നം, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ ഒട്ടേറെ പട്ടങ്ങളും അയ്യപ്പൻ നേടിയിട്ടുണ്ട്.
കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു അയ്യപ്പൻ. ശാന്തസ്വഭാവം, കൊഴുത്ത കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും കൊമ്പും, ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, എടുത്തകൊമ്പുകൾ, ഭംഗിയുള്ള കണ്ണുകൾ- ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നു.
ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കുട്ടിയാനയാണ് പിന്നീട് ആനപ്രേമികളുടെ പ്രിയപ്പെട്ട ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങിയത്. 1977 ഡിസംബർ 20ന് ലേലത്തിൽ വാങ്ങുമ്പോൾ അയ്യപ്പന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആന നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനായി. ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പൻ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാരെല്ലാം അവനെ കാണാനെത്തുമായിരുന്നു.
നാലുമാസം മുമ്പ് കൊല്ലം ചടയമംഗലത്തും തൃശ്ശൂരിലും ചേര്‍ത്തലയിലും വെച്ച് ആന കുഴഞ്ഞുവീണിരുന്നു. പിന്നീട്, സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വീണുപോവുകയായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളില്‍ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്...