ചേര്‍ത്തല തിരോധാന കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബിന്ദു കൊല്ലപ്പെട്ടതായി അയല്‍വാസി...
ചേർത്തലയിലെ തിരോധാന പരമ്ബര കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയായ സ്ത്രീ. കാണാതായ ബിന്ദു കൊല്ലപ്പെട്ടതായും കൊലപാതകം നടത്തിയത് സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേർന്നാണെന്നുമാണ് ശശികല എന്ന സ്ത്രീ വെളിപ്പെടുത്തിയത്.
മയക്കുമരുന്ന് നല്‍കി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പിന്നില്‍ സാമ്ബത്തിക ലക്ഷ്യത്തിന് വേണ്ടിയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നും സത്രീ പറയുന്നു. ഈ ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ ദല്ലാളായ സോഡ പൊന്നപ്പൻ എന്നയാള്‍ക്കും അറിയാമെന്ന് സ്ത്രീ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. പൊന്നപ്പന്റെയും വെളിപ്പെടുത്തല്‍ നടത്തിയ ശശികലയും തമ്മിലുള്ള ശബ്ദരേഖ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
അതേസമയം കാണാതായ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ തിരോധാനക്കേസില്‍ ,പള്ളിപ്പുറത്തെ പ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഡിഎൻഎ പരിശോധനാ ഫലം ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, വീട്ടില്‍ നിന്ന് ലഭിച്ച മറ്റ് തെളിവുകള്‍ കേസിന്റെ ചുരുളഴിക്കുന്നതിന് സഹായകമായേക്കുമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.
2006 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 40നും 50നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളാണ് കാണാതായത്. ഇവരില്‍ ബിന്ദു പത്മനാഭൻ (2006), ഐഷ (2012), സിന്ധു (2020), ജെയ്നമ്മ (2024) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ (68) എന്ന പ്രതിയിലേക്കാണ് അന്വേഷണം വിരല്‍ചൂണ്ടുന്നത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജെയ്നമ്മയുടെ കേസ് കൊലപാതകമായി അന്വേഷിക്കുകയാണ് പൊലീസ്.
2020 ഒക്ടോബർ 19-ന്, മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്ബാണ് തിരുവിഴ സ്വദേശി സിന്ധുവിനെ കാണാതുകന്നത്. അമ്ബലത്തില്‍ പോയതിന് ശേഷം കാണാതാവുകയായിരുന്നു. അർത്തുങ്കല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ സിന്ധുവിന്റെ തിരോധാനത്തിന്റെ കാരണം കണ്ടെത്താനായില്ല. സെബാസ്റ്റ്യനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം ഉണ്ടോ എന്നതിനും ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. 2006-ല്‍ ബിന്ദു പത്മനാഭന്റെ തിരോധാനത്തോടെയാണ് സെബാസ്റ്റ്യനെതിരെ സംശയത്തിന്റെ ആദ്യ വിരല്‍ ഉയർന്നത്. ഈ കേസിലാണ് ഇപ്പേള്‍ നിർണായക വിവരങ്ങള്‍ അയല്‍വാസിയായ ശശികല വെളിപ്പെടുത്തിയിരിക്കുന്നത്. 2012-ല്‍ ഐഷ, 2020-ല്‍ സിന്ധു, 2024-ല്‍ ജെയ്നമ്മ എന്നിവരുടെ തിരോധാനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ലഭിച്ച തെളിവുകള്‍ കേസിന്റെ ഗതി മാറ്റിയേക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ചേർത്തലയിലും പരിസരപ്രദേശങ്ങളിലും സമാനമായ മറ്റ് തിരോധാന കേസുകളും വീണ്ടും അന്വേഷിക്കുകയാണ്. കൂടുതല്‍ പേർ സെബാസ്റ്റ്യന്റെ ഇരകളായിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം...