പഠന കാലം മുതല്‍ ഇരുവരും പ്രണയത്തില്‍. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു, പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു, പുറത്തുവരുന്നത് കൊടും ക്രൂരത...
കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോണ്‍സി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും രജിസ്റ്റർ വിവാഹം ചെയ്യാൻ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോണ്‍സി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
റമീസ് കഴിഞ്ഞ ഞായറാഴ്ച സോനയെ വീട്ടിലേക്ക് കൊണ്ടുപോയി. മുറിയില്‍ പൂട്ടിയിട്ട് മർദിച്ചെന്ന് സോന പറഞ്ഞു. മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചു. മതം മാറണമെങ്കില്‍ റജിസ്റ്റർ വിവാഹം ചെയ്യണമെന്ന് സോന പറഞ്ഞു. സഹോദരനോട് വിവരം പറയരുതെന്നും സോന പറഞ്ഞതായും സുഹൃത്ത് പറഞ്ഞു.
കറുകടത്തെ സോന എല്‍ദോസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്‍റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസിലെ എല്‍ദോസിന്‍റെയും ബിന്ധുവിന്‍റെ മകളാണ് സോന. ടിടിസി വിദ്യാര്‍ഥിനിയായ സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണണെന്ന് ആദ്യമുതലേ റമീസും കുടുംബവും നിര്‍ബന്ധം പിടിച്ചു.
സോന മതം മാറാന്‍ ഒടുവില്‍ തയ്യാറായി. അതിനിടെയാണ് മൂന്ന് മാസം മുന്‍പ് സോനയുടെ അച്ഛന്‍ എല്‍ദോസ് വീടിനടുത്തുള്ള കുളത്തില്‍ മുങ്ങി മരിച്ചത്. അച്ഛന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന ഒരു വര്‍ഷം കഴിഞ്ഞുമതി വിവാഹമെന്ന് റമീസിന്‍റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ റമീസിനും കുടുംബത്തിനും അത് സമ്മതമായിരുന്നില്ല. സോന ഉടന്‍ പൊന്നാനിയില്‍ പോയി മതം മാറണമെന്നും റമീസിന്‍റെ വീട്ടില്‍ തന്നെ താമസിക്കണമെന്നും പുറത്ത് പോകരുതെന്നും റമീസിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിര്‍ബന്ധം പിടിച്ചു. അതിനിടെയാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ റമീസിനെ ആലുവയില്‍ നിന്ന് അനാശ്യാസത്തിന് പിടികൂടിയത്. ഇതറിഞ്ഞതോടെ റമീസിനെ സോന ചോദ്യം ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ സോന സമ്മതം അറിയിച്ചു. എന്നാല്‍ ഇനി മതം മാറാന്‍ തയ്യാറല്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും നിലപാടെടുത്തു.
റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച് സോനയെ തന്‍റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. മതം മാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതം മാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്‍റെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നു എന്ന് സോനയുടെ ആതഹത്യ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി. റമീസും സോനയും തമ്മില്ലുള്ള ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പൊലീസിന് കിട്ടി.
ഒടുവില്‍ വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കില്ല, അപ്പന്‍റെ മരണം തളർത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു. ഞാന്‍ അപ്പന്‍റെ അടുത്തേക്ക് പോകുവാ എന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് സോന ശനിയാഴ്ച വൈകിട്ട് ജീവനൊടുക്കി. ആത്മഹത്യ കുറിപ്പ് സോന റമീസിന്‍റെ ഉമ്മക്ക് അയച്ചു കൊടുത്തിരുന്നു. ഉമ്മ ഇത് സോനയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തു. ബിന്ദു വീട്ടിലെത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത കോതമംഗലം പൊലീസ് റമീസിനെ രാവിലെ കസ്റ്റഡിയിലെടുത്തു. റമീസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തി കേസുടുത്തിട്ടുണ്ട്...