മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസ്സിന് സാങ്കേതിക തകരാറുണ്ടായപ്പോൾ ഡ്രൈവർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെയാണ് പുക ഉയരുന്നത് കണ്ടത്. ഈ സമയം ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ ലോക്കായി. ഉടൻ തന്നെ ഡ്രൈവർ വാതിൽ ചവിട്ടി തുറന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകടാവസ്ഥ മുൻനിർത്തി ദേശീയ പാതയിൽ വാഹന ഗതാഗതം തടഞ്ഞിരുന്നു . മണിക്കൂറുകൾക്ക് ശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്...