കൊച്ചി വിമാനത്താവളത്തിൽ പുതിയ സംവിധാനം. ഇനി 20 സെക്കന്‍റിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം...
അന്താരാഷ്ട്ര ടെർമിനലിൽ ഇമിഗ്രേഷൻ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം ഒരുക്കി കൊച്ചി വിമാനത്താവളം. 20 സെക്കന്‍റിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകും എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനായി ടി – 3 ടെർമിനലിൽ പ്രത്യേക കിയോസ്കുകൾ സ്ഥാപിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ യാത്ര ചെയ്യാനാകും.
നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയുള്ള കിയോസ്കുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക. ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരർക്കും ‘ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ’ കാർഡ് ഉള്ളവർക്കും സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാനാകും. മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഓൺലൈനായും എയർപോർട്ടിലെത്തിയശേഷം ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസുകൾവഴിയും അപേക്ഷ നൽകാനാകും. അപേക്ഷ നൽകിക്കഴിഞ്ഞാൽ വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ ഒ ടി പി വഴിയും, ഇ മെയിൽ വഴിയും സ്ഥരീകരിക്കുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും...