15 വര്‍ഷമായി കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്‌ടര്‍, സൈഡ് ബിസിനസാവട്ടെ കഞ്ചാവ് കച്ചവടവും. ഒടുവില്‍ കയ്യോടെ പൊക്കി എക്‌സൈസ്...
മാവേലിക്കരയില്‍ കെഎസ്‌ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയില്‍. ഭരണിക്കാവ് പള്ളിക്കല്‍ മുറിയില്‍ ജിതിൻ കൃഷ്‌ണ (35) യെയാണ് എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. 15 വർഷമായി കെഎസ്‌ആർടിസിയില്‍ കണ്ടക്‌ടറായി ജോലി ചെയ്യുന്ന ജിതിൻ ഇപ്പോള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്‌ടറാണ്. ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ പിന്നാലെ നടന്ന എക്‌സൈസ് പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇതിനിടെയാണ് ഇന്ന് പിടിയിലായത്.
മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംഗ്‌ഷനില്‍ വെച്ച് ഇന്ന് പുലർച്ചെയാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയത്. വാഹന പരിശോധനയ്ക്കിടെ 1.286 കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്‌ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രിവന്റീവ് ഓഫീസർമാരായ സിപി സാബു, എം റെനി, ബി അഭിലാഷ്, പി അനിലാല്‍, ടി ജിയേഷ്, കെആർ രാജീവ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് തുടങ്ങിയവരും പരിശോധന നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു...