ഭക്ഷണം ഒരു കുബൂസ്, രാപകല്‍ ജോലിയ്‌ക്കൊപ്പം മാനസിക - ശാരീരികപീഡനവും. ഒടുവില്‍ ജാസ്മിൻ സ്വന്തംനാട്ടിലെത്തി...
കടബാധ്യതയില്‍നിന്നു കരകയറാനുള്ള അവസാന കച്ചിത്തുരുമ്ബിനു വേണ്ടിയാണ് രാമക്കല്‍മേട് പടിഞ്ഞാറ്റേതില്‍ സ്വദേശി ജാസ്മിൻ മീരാൻ റാവുത്തർ (50) വീട്ടുജോലിക്കായി കുവൈത്തിലേക്ക് വിമാനം കയറിയത്. പക്ഷേ എത്തിപ്പെട്ടതാകട്ടെ ദുരിതത്തിന്റെ മണലാരണ്യത്തിലേക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഒരു കൂട്ടം മനുഷ്യരുടെയും കാരുണ്യത്തില്‍ ബുധനാഴ്ച രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്ബോള്‍ ആശ്വാസമുണ്ടെങ്കിലും ഇനിയെന്തുചെയ്യുമെന്ന ആശങ്കകൂടിയുണ്ട് ജാസ്മിന്റെ ഉള്ളില്‍.
ആദ്യം ജോലിചെയ്ത വീട്ടില്‍ ക്രൂരമായാണ് ഉടമസ്ഥർ പെരുമാറിയത്. ദിവസവും ഒരു കുബൂസ് മാത്രമായിരുന്നു ഭക്ഷണം. മാനസിക, ശാരീരിക പീഡനങ്ങള്‍ വേറെ. കുടിവെള്ളംപോലും ലഭിച്ചില്ല. രാപകലില്ലാതെ ജോലി. നന്നായി ഉറങ്ങാൻപോലും സാധിച്ചില്ല. ഇനിയും മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടർന്നാണ് അവിടെനിന്നും ഏജന്റിന്റെ അടുത്ത് തിരികെ എത്തിയത്. അവിടെ സ്ഥിതി ഇതിലും ഭീകരമായിരുന്നു. മറ്റൊരു തൊഴിലിടം നല്‍കാൻ ഏജൻസി തയ്യാറായില്ല. പകരം വെളിച്ചവും വായു സഞ്ചാരവും കുറഞ്ഞ ഇടുങ്ങിയ മുറിയില്‍ താമസിപ്പിച്ചു.
അവിടെ വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍. കൂട്ടത്തില്‍ മലയാളികളും. എല്ലാവരും സമാനമായ തൊഴില്‍ തട്ടിപ്പിന്റെ ഇരകള്‍. നരകയാതന സുഹൃത്തായ നെടുങ്കണ്ടം സ്വദേശി ലിഷ ജോസഫിനെ അറിയിക്കാൻ കഴിഞ്ഞതാണ് മോചനത്തിന് വഴിയൊരുക്കിത്. ലിഷ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിവരമറിയിച്ചു. സന്നദ്ധ പ്രവർത്തകരും ഗള്‍ഫിലെ കുവൈത്ത് എംബസിയും മുഖേന മോചനം സാധ്യമായി. ജാസ്മിന്റെ ദുരവസ്ഥ അറിയാതെ ഇതേ ഏജന്റ് മുഖേന ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു ലിഷയും. എന്നാല്‍, ലിഷ ഏജന്റിന്റെ പക്കല്‍നിന്നും പാസ്പോർട്ട് ഉള്‍പ്പെടെ തിരികെ വാങ്ങി. കണ്ണൂർ സ്വദേശിയായ ഏജന്റിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇവർ...