കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ എണ്ണി പിഴയിടാൻ MVD...
മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴയ്ക്കുപുറമെ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം.
ബൈക്കുകളില്‍ ഹാൻഡ് ഗ്രിപ്, സീറ്റ് കവർ എന്നിവ മാത്രമേ കൂട്ടിച്ചേർക്കല്‍ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ല. അനുവദിച്ചതിലും വീതിയുള്ള ടയറിനും അനുമതിയില്ല. ഇത് സുരക്ഷിതത്വം കൂട്ടുമെന്നാണ് ധാരണയെങ്കിലും വളവുകളില്‍ ബൈക്ക് മറിയാൻ സാധ്യത കൂടുതലാണെന്ന് എംവിഡി പറയുന്നു. ബൈക്കുകളിലെ റിയർവ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കർ പതിക്കുന്നതും സുരക്ഷയെ ബാധിക്കും.
ബൈക്കുകളില്‍ പിൻസീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയില്‍, സാരി ഗാർഡ് എന്നിവ നീക്കം ചെയ്യാനും അനുമതിയില്ല. വാഹനങ്ങളുടെ നിറം മാറ്റാം. അക്കാര്യം ആർടി ഓഫീസില്‍ അറിയിക്കുകയും പരിവാഹൻ സൈറ്റില്‍ ഫീസടയ്ക്കുകയും ആർസി ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം.
2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഡീലർമാരുടെ സർവീസ് സെന്റർ എന്നിവയ്ക്കെതിരേയും നടപടി വരും. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം. ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിഞ്ഞാകും നടപടി സ്വീകരിക്കുക.
നിബന്ധനകള്‍ ഇങ്ങനെ
• അലോയ് വീലുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നതിന് തടസ്സമില്ല.
• നമ്ബർപ്ലേറ്റ് വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്ബർപ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്ബർപ്ലേറ്റാണ്. അതു മാറ്റാൻ പാടില്ല.
• ക്രാഷ് ബാറുകള്‍ മുൻവശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
• കൂളിങ് പേപ്പർ വാഹനത്തിന്റെ മുൻപിൻ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍, കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കർ പാടില്ല.
• സൈലൻസർ വാഹനങ്ങളില്‍ കമ്ബനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലൻസർ മാത്രമേ പാടുള്ളൂ.
• സ്റ്റിക്കർ മാധ്യമപ്രവർത്തകർ, ഡോക്ടർ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. സർക്കാരിന്റെ ബോർഡ് അനുവാദമില്ലാതെ വയ്ക്കാൻ പാടില്ല.
• ഗ്ലാസുകളില്‍ കർട്ടൻ സർക്കാർ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കർട്ടൻ പാടില്ല. ഇസെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്ക് സെക്യൂരിറ്റിയുടെ ഭാഗമായി കർട്ടൻ ഉപയോഗിക്കാം.
• ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാൻ പാടില്ല. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്‌ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.
• സീറ്റ് മാറ്റം ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോർ സ്ഥാപിക്കാം.
മാറ്റങ്ങള്‍ക്ക് പിഴ
ഓരോ മാറ്റത്തിനും 5000 രൂപയാണ് ഉടമസ്ഥൻ പിഴ നല്‍കേണ്ടി വരുക. വാഹന ബോഡിയില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന തരത്തിലുള്ള എന്തു ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇതു ബൈക്കുകള്‍ക്കും ബാധകമാണ്...