രേഷ്മയ്ക്ക് വിവാഹം ഒരു നേരംപോക്ക്. ഇതുവരെ കല്യാണം കഴിച്ചത് പത്തു യുവാക്കളെ. തിരുവനന്തപുരത്തെ പഞ്ചായത്ത് മെമ്ബര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്...
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്മയെയാണ് തിരുവനന്തപുരം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് യുവതി അറസ്റ്റിലായത്. രണ്ടു വയസുള്ള ഒരു കുട്ടിയുടെ അമ്മയായ രേഷ്മ വിവിധ ജില്ലകളിലായി പത്തു പേരെയാണ് ഇതിനോടകം വിവാഹം കഴിച്ചത്.
വിവിധ ജില്ലകളിലെ പുരുഷന്മാരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരകളായത്. ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകള്‍ പറഞ്ഞാണ് ഇവർ വശത്താക്കുന്നത്. തുടർന്ന് പുരുഷന്മാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യില്‍കിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ രീതി.
ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് രേഷ്മ കുടുങ്ങിയത്. തിരുവനന്തപുരത്തെ ഒരു ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു ഇക്കുറി രേഷ്മയുടെ ഇര. എന്നാല്‍, പ്രതിശ്രുത വരന് തോന്നിയ സംശയത്തിന്റെ പേരില്‍ നടത്തിയ അന്വേഷണമാണ് വധുവിന് വിനയായത്. രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറില്‍ കയറിയ സമയത്ത് നടത്തിയ പരിശോധനയില്‍ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോണ്‍ നമ്ബറിലേക്ക് മേയ് 29ന് ആണ് ആദ്യം കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോണ്‍ നമ്ബർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളില്‍ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്കു താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നല്‍കി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്ബായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും...