കിഡ്നി വില്‍ക്കും. വീട്ടുകാരെ വിരട്ടി ബൈക്ക് വാങ്ങി, റോഡില്‍ അഭ്യാസം, കേസ്...
തിരക്കേറിയ നഗരമധ്യത്തില്‍ ഒറ്റച്ചക്രത്തില്‍ ബൈക്ക് അഭ്യാസം. അതിവേഗത്തില്‍ പാച്ചില്‍. കണ്ടു ഭയന്ന നാട്ടുകാര്‍ കൈയോടെ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിനു കൈമാറി. ദൃശ്യം പരിശോധിച്ച് വാഹനത്തിന്‍റെ നന്പര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ കോട്ടയം അയ്മനം സ്വദേശിയായ അനുരാഗ് പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്നു കണ്ടെത്തി. ഇതോടെ നഗരമധ്യത്തില്‍ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനു മോട്ടോര്‍ വാഹനവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍ടിഒ ടി.ജെ. സജീവിന്റെ നിര്‍ദേശാനുസരണമാണു കേസെടുത്തിരിക്കുന്നത്. കോട്ടയം നഗരത്തില്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിന്‍റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് വാങ്ങിയതിന്‍റെ പിന്നിലുള്ള അന്പരപ്പിക്കുന്ന കഥകള്‍കൂടി പുറത്തേക്കു വന്നത്. അതിവേഗ ബൈക്ക് ആയ ഡ്യൂക്ക് വേണമെന്നു കുറെക്കാലമായി യുവാവ് വീട്ടില്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ആദ്യം വാങ്ങിക്കൊടുക്കാന്‍ തയാറായില്ല. ഇതോടെ ബിബിഎ വിദ്യാര്‍ഥിയായ യുവാവ് നയം മാറ്റി ഭീഷണിയുടെ തന്ത്രം ഇറക്കി. എന്നിട്ടും വീട്ടുകാര്‍ പണം നല്‍കുന്നില്ലെന്നു കണ്ടതോടെ അറ്റകൈ പ്രയോഗമെന്ന നിലയില്‍ താന്‍ കിഡ്നി വില്‍ക്കാന്‍ പോവുകയാണെന്നു പ്രഖ്യാപിച്ചു. കിഡ്നി വിറ്റിട്ടാണെങ്കിലും ബൈക്ക് മേടിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ വീട്ടുകാര്‍ വഴങ്ങി. അങ്ങനെയാണ് ബൈക്ക് വാങ്ങിയെടുത്തത്. ഈ ബൈക്കിലാണ് നഗരമധ്യത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് അനുരാഗിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുകയാണിപ്പോള്‍...